പ്രളയക്കെടുതി: കേരളത്തിന് 2500 കോടി കൂടി നല്‍കണമെന്ന് ശുപാര്‍ശ

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ ചെയ്തത്


ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കേരളത്തിന് 2500 കോടിയുടെ അധിക സഹായം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു.ആഭ്യന്തര മന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി അംഗീകരിച്ചാല്‍ കേരളത്തിനു പണം ലഭിക്കും. നേരത്തെ നല്‍കിയ 600 കോടിയുടെ സഹായത്തിന് പുറമെയാണ് ഇത്. ഇതോടെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സഹായം 3100 കോടിയാകും. കേരളം ആവശ്യപ്പെട്ടത് 4800 കോടിയാണ്. പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു കേരളത്തിന് സഹായം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചിരുന്നു. പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ ചെലവായി ന്യൂഡല്‍ഹിയിലെ വ്യോമസേനാ ആസ്ഥാനം 34 കോടിയോളം (33,79,77,250) രൂപ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. ഇതും പ്രളയകാലത്ത് അധിക റേഷന്‍ അനുവദിച്ചതിന് കേന്ദ്രം ആവശ്യപ്പെട്ട തുകയും ചേര്‍ത്ത് 290.74 കോടി നല്‍കേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കാമെന്ന് സൂചന നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍