കാന്‍സര്‍ സെന്റര്‍ 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ത്രിതല കാന്‍സര്‍ സെന്റര്‍, ലക്ചര്‍ തിയറ്റര്‍ എന്നിവയുടെ ഉദ്ഘാടനം 24ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അറോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നിപ്പാ ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വര്‍ണ മെഡല്‍ നേടിയ പിജി വിദ്യാര്‍ഥികളെ ആദരിക്കും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. എം.കെ. രാഘവന്‍ എംപി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, എ. പ്രദീപ് കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കും. പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയോ തെറപ്പി വിഭാഗങ്ങള്‍ ഒരു സമുച്ചയത്തിന് കീഴിലാക്കി അര്‍ബുദ രോഗികള്‍ക്ക് മികച്ച ചികിത്സ ഒരുക്കുന്നതിനായി കേന്ദ്ര , സംസ്ഥാനസര്‍ക്കാര്‍ ധന സഹായത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. കാന്‍സര്‍ സെന്ററിന് 44.5 കോടിയും ലക്ചര്‍ തിയറ്ററിന് 10 കോടിയുമാണ് ചെലവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍