എണ്ണക്കമ്പനികള്‍ 1,700 പുതിയ പമ്പുകള്‍ തുറക്കുന്നു

കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍, കൂടുതല്‍ പെട്രോള്‍, ഡീസല്‍ പമ്പുകള്‍ തുറക്കാന്‍ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ തീരുമാനിച്ചതായി കന്പനി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബിപിസിഎല്‍, എച്ച്പിസിഎല്‍, ഐഒസിഎല്‍ എന്നീ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനി(ഒഎംസി) കളുടേതാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തും മാഹിയിലുമായി 1,731 പുതിയ പെട്രോള്‍ ഡീസല്‍ പമ്പുകള്‍ സ്ഥാപിക്കും. ഇതില്‍ 771 എണ്ണം ഗ്രാമീണ മേഖലകളിലായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 275 എണ്ണം ആരംഭിക്കുന്ന എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പമ്പുകള്‍ തുറക്കുന്നത്, 275 എണ്ണം. 33 എണ്ണം തുറക്കുന്ന വയനാട്ടിലാണ് കുറവ്. മാഹിയില്‍ അഞ്ചു പുതിയ പമ്പുകള്‍ സ്ഥാപിക്കും. പെട്രോള്‍ റീട്ടെയ്ല്‍ വില്‍പനയില്‍ പ്രതിവര്‍ഷം എട്ടു ശതമാനവും ഡീസലില്‍ നാലു ശതമാനവുമാണു വര്‍ധന. വ്യവസായ മേഖലകള്‍, കാര്‍ഷിക പ്രദേശങ്ങള്‍, ഹൈവേകള്‍ എന്നിവിടങ്ങളിലെ വളരുന്ന ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റാനും ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്തുമാണ് ഔട്ട്‌ലെറ്റ് ശൃംഖല വികസിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഓട്ടോമേഷന്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയായിരിക്കും പുതിയ പമ്പുകളുടെ നിര്‍മാണം. പത്രസമ്മേളനത്തില്‍ ഐഒസി സ്റ്റേറ്റ് റീട്ടെയ്ല്‍ ഹെഡ് നവിന്‍ ചരണ്‍, ഐഒസി റീട്ടെയ്ല്‍ ഡിജിഎം അഞ്ചന അരവിന്ത്, എച്ച്പിസിഎല്‍ ചീഫ് റീജണല്‍ മാനേജര്‍മാരായ എം.ജി. നവീന്‍ കുമാര്‍, സരബ്ജിത്ത് സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍