ന്യൂഡല്‍ഹി: കെ. സുധാകരന് എംപിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. കെപിസിസി നേതൃപദവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സുധാകരനെ വിളിപ്പിച്ചതെന്നാണ് സൂചന.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് പദവിയും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് സുധാകരന്റെ നിലപാട്. ഇക്കാര്യം അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിക്കും. രാഹുല്‍ ഗാന്ധിയെയും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെയും അദ്ദേഹം കാണുന്നുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന് കല്‍പ്പറ്റയില്‍ നിന്നു മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ചതോടെയാണ് അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ എന്ന സംശയങ്ങള്‍ക്ക് കാരണം.
കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചപ്പോള്‍ സുധാകരനും ക്ഷണമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഡല്‍ഹിക്ക് പോയില്ല. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഉമ്മന്‍ ചാണ്ടി തലവനായി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത്.
