വാഷിങ്ടണ്‍: പോളിങ് ബൂത്തില്‍ എതിരെ വിധിയെഴുതിയിട്ടും അധികാരം വിട്ടൊഴിയാന്‍ വിസമ്മതിച്ച മുന്‍ പ്രസിഡന്റിന് കണക്കിന് പണികൊടുത്ത് ജനത്തിന്‍െറ പ്രതികാരം. നിര്‍ബന്ധിതനായി വൈറ്റ്ഹൗസില്‍നിന്ന് കഴിഞ്ഞ ബുധനാഴ്ച വിമാനം കയറിയശേഷം ഡോണള്‍ഡ് ട്രംപ് കുടുംബ സമേതം താമസിക്കുന്ന ഫ്ലോറിഡയിലെ മാര്‍എലാഗോ റിസോര്‍ട്ടിനു മുകളില്‍ കൂറ്റന്‍ ബാനറുകളുമായി വിമാനം പറത്തിയാണ് ഏറ്റവും ഒടുവില്‍ നാട്ടുകാരുടെ പരിഹാസവും പ്രതികാരവും. ‘എക്കാലത്തെയും ഏറ്റവും മോശം പ്രസിഡന്റ്’, ‘നാണംകെട്ട് തോറ്റവന്’ എന്നിങ്ങനെയാണ് ബാനറുകളില്‍ എഴുതിയിരിക്കുന്നത്.
സമൂഹ മാധ്യമങ്ങള്‍ ട്രംപിനെ ട്രോളുകളുടെ പെരുമഴയുമായി ‘നിലനിര്‍ത്തു’മ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ പരിഹാസത്തിന് മറ്റു വഴികള്‍ കണ്ടെത്തിയത്. രണ്ടു വിമാനങ്ങളാണ് ട്രംപ് ഭവനത്തിന് മുന്നിലും ഫ്ലോറിഡ തീരങ്ങളിലും വട്ടമിട്ടുപറന്നത്. ഓരോന്നിനും പിറകില്‍ കൂറ്റന്‍ എഴുത്തുകളായി പരിഹാസം പറന്നപ്പോള്‍ ഒഴിവുദിവസം ആസ്വദിക്കാന്‍ കടപ്പുറത്തും പരിസരങ്ങളിലും എത്തിയവര്‍ക്ക് വിരുന്നായി.സംഘാടകര്‍ ആരെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതേ സമയം, വൈറ്റ്ഹൗസ് വിട്ട ട്രംപ് തങ്ങളുടെ സ്വന്തം ഫ്ലോറിഡയില്‍ എന്തിന് എത്തിയെന്ന് അസ്വസ്ഥത അറിയിച്ച് പരസ്യമായി ചില നാട്ടുകാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇവരില്‍ ആരെങ്കിലും ഒപ്പിച്ച വേലയാകുമോ എന്നാണ് സംശയം.
