തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിമാനത്താവള കൈമാറ്റം വികസനത്തിനല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിമാനത്താവളം കൈമാറിയത് കുത്തകകളുടെ താല്പര്യം സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്രം സംസ്ഥാനത്തിന് നല്കിയ ഉറപ്പ് ലംഘിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെയാണ് വിമാനത്താവളം കൈമാറിയത്. സ്വകാര്യവത്കരണത്തിനെതിരെ സര്‍ക്കാര്‍ സാധ്യമായതെല്ലും ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല അദാനി ഗ്രൂപ്പിനു നല്‍കികൊണ്ടുള്ള കരാറില്‍ ഒപ്പുവച്ചതായി എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചിരുന്നു. അന്‍പതു വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി.
തിരുവനന്തപുരത്തിനു പുറമേ ജയ്പുര്‍, ഗോഹട്ടി വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള കരാറിലാണ് ഒപ്പുവച്ചത്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും. മൂന്നു വിമാനത്താവളങ്ങളുടെയും നടത്തിപ്പുചുമതലയ്ക്കുള്ള കരാറുകളില്‍ ഒപ്പിട്ടതായി അദാനി ഗ്രൂപ്പും അറിയിച്ചു.
അദാനി ഗോഹട്ടി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട്, അദാനി ജയ്പുര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്നീ കമ്പനികളാണ് കരാറില്‍ ഒപ്പിട്ടത്.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവള നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറിയത്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേലനടപടികളില്‍ പാളിച്ചകളുണ്ട്. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വം ഒഴിവാക്കിയെന്നും പൊതുതാത്പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമായാണ് വിമാനത്താവള നടത്തിപ്പ് കൈമാറിയതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
