തിരുവനന്തപുരം: വാട്സ്ആപ്പിലൂടെ ജോലി വാഗ്ദാനം നല്‍കിയുള്ള തട്ടിപ്പ് നിര്‍ബാധം തുടരുന്നു. പോലീസ് മുന്നറിയിപ്പുകളുണ്ടെങ്കിലും നിരവധി പേരുടെ വാട്സ്ആപ് നമ്പറുകളിലേക്ക് ഇപ്പോഴും വ്യാജ സന്ദേശം എത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍ നിരവധിപേര്‍ ഇപ്പോഴും ഈ ചതിക്കുഴിയില്‍ പെടുകയാണ്. ജോലി അവസരങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ ഓഫര്‍. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ലാപ് ടോപും മൊബൈല്‍ ഫോണും സൗജന്യമായി നല്‍കും. എന്നാല്‍ ഇതിന് 1000 രൂപ മുന്‍കൂറായി നല്‍കണം. ഈ പണം 24 മണിക്കൂറിനുള്ളില്‍ തിരിച്ചു നല്‍കുമെന്നും പറയുന്നു. ഇത്തരത്തില്‍ പണം നല്കിയവര്ക്കൊക്കെ മൊബൈലും ലഭിച്ചില്ല ലാപ് ടോപ്പും ലഭിച്ചില്ല. പണം തിരികെ കിട്ടിയതുമില്ല. ജോലി വാഗ്ദാനം ചെയ്തവരുടെ പൊടിപോലും കാണാനുമില്ല.ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് സന്ദേശത്തിനൊപ്പം വരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാമെന്നും തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിച്ചേക്കാമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ വാട്സ്ആപ്പ് നിരവധി സെക്യൂരിറ്റി നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതിനെയും വെല്ലുന്ന രീതിയിലാണ് ഓണ്‍ലൈന്‍ ഫ്രാഡുകള് ഓരോ ദിവസവും പുതിയ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത്. ഇത്തരം പാര്‍ട്ട് ടൈം ജോലി ഓഫര്‍ ചെയ്യുന്ന മെസേജുകള്‍ വാട്സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്.ഇത്തരം മെസേജുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയില്‍ ആയിരിക്കില്ല. അത് കാണുമ്പോള്‍ തന്നെ നമുക്ക് മനസിലാക്കാന്‍ കഴിയണം, കൃത്യമായ ഉറവിടത്തില്‍ നിന്നല്ല ഇത്തരം മെസേജുകള്‍ വരുന്നതെന്ന്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും മെസേജ് വരുക. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് ആധികാരികത ഉറപ്പുവരുത്തുക.ആയതിനാല്‍ ഇത്തരം മെസേജുകള്‍ ലഭിച്ചാല്‍ അവഗണിക്കുക. ഏത് കോണ്ടാക്ടില് നിന്നാണോ ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബര്‍ പോലീസ് സ്റ്റേഷനിലോ പരാതി നല്‍കാവുന്നതാണ്.
