ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി. ബാറ്റ്സ്മാന്മാരും ബോളര്‍മാരും ഒരുപോലെ കളി മറന്ന മത്സരത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കിയ സ്പിന്നര്‍ ആര് അശ്വിന് മാത്രമാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയത്. ഇടിവെട്ട് ബോളിങ്ങുമായി ഇന്ത്യന്‍ ബാറ്റിങ്ങിന്റെ അന്തകനായി മാറിയ ജോഷ് ഹെയ്സല്‍വുഡും റാങ്കിങ്ങില്‍ മുന്നോട്ട് കുതിച്ചു.
ബോളിങ്ങില്‍ ഓസ്ട്രേലിയ ന്യൂസിലന്‍ഡ് താരങ്ങളുടെ ആധിപത്യമാണ്. ആദ്യ അഞ്ചില്‍ രണ്ട് വീതം താരങ്ങള്‍ താരങ്ങള്‍ ഈ രാജ്യങ്ങളില്‍ നിന്നാണ്. പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനവും ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം സ്ഥാനവും നിലനിര്‍ത്തിയപ്പോള്‍ നെയ്ല്‍ വാഗ്നറും ടിം സൗത്തിയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ജോഷ് ഹെയ്സല്‍വുഡും ആദ്യ അഞ്ചിലെത്തി. അതേസമയം ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിന് ഒമ്പതാം റാങ്കിലാണിപ്പോള്‍. രണ്ട് സ്ഥാനങ്ങള്‍ താഴേക്ക് വന്ന ബുംറ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബാറ്റിങ്ങില്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ചേതേശ്വര്‍ പുജാര പിന്നോട്ട് പോയി. സ്റ്റീവ് സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത്. കെയ്ന്‍ വില്യംസണ്, മാര്‍നുസ് ലബുഷെയ്ന്, ബാബര്‍ അസം എന്നിവര്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ പുജാര എട്ടാം സ്ഥാനത്തേക്ക് വീണു.
