മൂന്നാം ഘട്ടം :
കനത്ത പോളിങ്ങ്

India Kerala

കോഴിക്കോട്: മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ കനത്ത പോളിംങ്ങ ് .മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 25.09 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിആര്‍ഒയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കാസര്‍കോട് ജില്ലയിലും കനത്ത പോളിങ്ങ്. ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളില്‍ 10 ശതമാനത്തോളം പോളിംഗ് നടന്നതായാണ് റിപ്പോര്‍ട്ട്.ജില്ലയില്‍ ഒരിടത്ത് വോട്ടിംഗ് യന്ത്രത്തിന് തകരാറ് സംഭവിച്ചു. കോടോംബേളൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡായ എണ്ണപ്പാറ അയ്യങ്കാവില്‍ ഒമ്പത് പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോഴാണ് യന്ത്രം പണിമുടക്കിയത്.
മിക്ക ബൂത്തികളിലും വോട്ടര്‍മാരുടെ നീണ്ട നിരതന്നെയാണ് രാവിലെ മുതല്‍ ദൃശ്യമായത്. തികച്ചും സമാധാനപരമായാണ് ആദ്യ മണിക്കൂറുകളിലെ വോട്ടെടുപ്പ്. ബൂത്തുകളില്‍ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങ് സംവിധാനമുണ്ട്.റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ രാവിലെ പരവനടുക്കത്തുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വോട്ട് ചെയ്തു. നാലര വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി രിക്കും ഈ തെരഞ്ഞടുപ്പെന്നും എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് വോട്ടിംഗ് പുരോഗമിക്കുന്നു. രാവിലെ 11.30വരെ 36.20 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. ഇവിടങ്ങളില്‍ യന്ത്ര തകരാര്‍ പരിഹരിച്ചു വോട്ടിംഗ് തുടരുകയും ചെയ്യുന്നുണ്ട്. രാവിലെ മുതല്‍ തന്നെ മിക്ക ബൂത്തുകളിലും വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസംഘടനകളുടെയും നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നേരത്തെ തന്നെ വോട്ടു ചെയ്യാനെത്തിയിരുന്നു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട് സി.കെ.എം.എല്‍പി സ്കൂളിലും സമസ്ത പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങള്‍ മുതുവല്ലൂര്‍ പഞ്ചായത്തിലെ മുണ്ടിലാക്കല്‍ ജി.എം.യു.പി സ്കൂളിലും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ അങ്ങാട്ടിപ്പുറം പഞ്ചാത്തിലെ തിരൂര്‍ക്കാട് എല്‍.പി സ്കൂളിലും എം.ടി അബ്ദുല്ല മുസ്ലിയാര്‍ രാമപുരം എല്‍പി സ്കൂളിലും പി.കെ കുഞ്ഞാലിക്കുട്ടി എംപി പാണക്കാട് ദാറുല്‍ഉലൂം സ്കൂളിലും വോട്ടുരേഖപ്പെടുത്താനെത്തി.പൊറ്റശേരിയില്‍ വോട്ടിങ് യന്ത്രം തകരാറിലായി.കോഴിക്കോടും കനത്ത പോളിംങ്ങാണ്.മുക്കം നഗരസഭയിലെ പൊറ്റശ്ശേരി വിനയപുരം അല്‍ മദ്രസ്സത്തുല്‍ സലഫിയയിലെ 22 ഡിവിഷന്‍ ബൂത്തിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് അര മണിക്കൂര്‍ പോളിങ് തടസ്സപ്പെട്ടു.ഏഴ് മണിക്ക് പോളിങ് ആരംഭിച്ച ശേഷം13 പേര്‍ വോട്ട് ചെയ്തതോടെ വോട്ടിങ് യന്ത്രം പണിമുടക്കുകയായിരുന്നു. വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയശേഷവും വോട്ടിങ് യന്ത്രം രണ്ടാമതും പണിമുടക്കി. തുടര്‍ന്ന് 7.45 ഓടെ സാങ്കേതിക വിദഗ്ധരെത്തി തകരാറുകള്‍ തീര്‍ത്തതിന് ശേഷം വീണ്ടും വോട്ടിങ് പുനരാരംഭിച്ചു.മുക്കം നഗരസഭയിലെ വിവിധ ബൂത്തുകളില്‍ നിരവധിപേര്‍ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *