മിച്ചിഗണ്‍: കൊറോണ വൈറസ് നിയന്ത്രണ നയങ്ങളില്‍ പ്രകോപിതരായി, മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മറെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ആറ് വലതുപക്ഷ തീവ്രവാദികള്‍ക്കെതിരെ കേസെടുത്തു.
മിഷിഗണ്‍ നിവാസികളായ ആദം ഫോക്സ്, ടൈ ഗാര്ബിന്, കാലെബ് ഫ്രാങ്ക്സ്, ഡാനിയല്‍ ഹാരിസ്, ബ്രാന്‍ഡന്‍ മൈക്കല്റേ കാസെര്‍ട്ട, ഡെലവെയറിലെ ബാരി ക്രോഫ്റ്റ് ജൂനിയര്‍ എന്നിവര്‍ക്കെതിരെയാണ് ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി ഗൂഢാലോചനാ കുറ്റം ചുമത്തിയത്. ഈ കുറ്റത്തിന് പരമാവധി ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിക്കുക എന്ന് യുഎസ് അറ്റോര്‍ണി ആന്‍ഡ്രൂ ബിര്‍ജ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.വടക്കന്‍ മിഷിഗണിലെ അവധിക്കാല വസതിയില്‍ നിന്ന് വിറ്റ്മറെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി എഫ്ബിഐ നടത്തിയ അന്വേഷണത്തിലാണ് ഒക്ടോബറില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. ഡമോക്രാറ്റിക് ഗവര്‍ണര്‍ക്കെതിരെ തങ്ങളുടെ കക്ഷികള്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു.
ഒക്ടോബറില്‍ നടന്ന കോടതി വാദം കേള്‍ക്കുന്നതിനിടെ എഫ്ബിഐ സ്പെഷ്യല്‍ ഏജന്റ് റിച്ചാര്‍ഡ് ട്രാസ്ക് ആറ് പേരും അര്‍ദ്ധസൈനിക സംഘടനകളുമായി ബന്ധമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. ഒഹായോയിലെ ഡബ്ലിനില്‍ ജൂണ്‍ മാസത്തില്‍ നടന്ന യോഗത്തില്‍ വിര്‍ജീനിയ ഡമോക്രാറ്റിക് ഗവര്‍ണര്‍ റാള്‍ഫ് നോര്ത്താമിനേയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു എന്ന് ട്രാസ്ക് പറഞ്ഞു.
‘പൊതുതാല്പര്യ ലക്ഷ്യങ്ങള്‍’ നിറവേറ്റുന്നതിന് മിഷിഗണ്‍ നഗരമായ ഗ്രാന്‍ഡ് റാപ്പിഡ്സില്‍ ഒരുമിച്ചു കൂടാന്‍ ‘വോള്വറിന് വാച്ച്മാന്’ എന്ന മിഷിഗണ്‍ ഗ്രൂപ്പിന്റെ നേതാവായ ആദം ഫോക്സും ടൈ ഗാര്ബിനും സമ്മതിച്ചതായും കുറ്റപത്രം പറയുന്നു.വിറ്റ്മറുടെ വീട് നിരീക്ഷിക്കാനുള്ള പദ്ധതികളും അവരുടെ സുരക്ഷാ വിശദാംശങ്ങള്ക്കെതിരായുള്ള തന്ത്രങ്ങളും വിവരിക്കുന്നതിനൊപ്പം, പോലീസിനെയും നിയമപാലകരേയും അകറ്റി നിര്‍ത്തുന്നതിന് വിറ്റ്മറുടെ വീടിനടുത്തുള്ള ഒരു പാലം തകര്‍ക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.ഒക്ടോബര്‍ 7 ന് മിഷിഗണിലെ യിപ്സിലാണ്ടിയില് ഒരു രഹസ്യ എഫ്ബിഐ ഏജന്റിനെ കാണാനും സ്ഫോടക വസ്തുക്കളും മറ്റ് സാധനങ്ങളും വാങ്ങാനും നാല് അംഗങ്ങളും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.