തിരുവനന്തപുരം: കരമനകളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെ നാലുവരിയായി വികസനം പൂര്‍ത്തിയാക്കിയ 5 കിലോമീറ്റര്‍ ഭാഗം മുഖ്യമന്ത്രി പിണറായി വിജയന് നാടിനുസമര്‍പ്പിച്ചു.വീല്‍ ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്കും കാഴ്ചാവെല്ലുവിളി നേരിടുന്നവര്‍ക്കും മറ്റു ശാരീരികവെല്ലുവിളികള്‍ ഉള്ളവര്‍ക്കും സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് നടപ്പാതകളും കൈവരികളും ഒരുക്കിയിട്ടുള്ളത്.
റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാന്‍ ഇരുവശത്തും യൂട്ടിലിറ്റി ഏരിയകളും എട്ടിടത്ത് യൂട്ടിലിറ്റി ക്രോസ് ഡക്ടുകളും അവയ്ക്ക് ഇരുവശത്തും ചേംബറുകളും നിര്‍മ്മിച്ചു.എട്ടു കലുങ്കുകള്‍ നിര്‍മ്മിച്ച് റോഡിന് കുറുകെയുണ്ടായിരുന്ന കനാലുകളുടെയും നീരുറവകളുടെയും ഒഴുക്ക് സുഗമമാക്കി. മഴവെള്ളം ഒഴുകിപ്പോകാന്‍ ഇരുവശത്തും 10.56 കിലോമീറ്റര്‍ ദൂരം സൈഡ് ഡ്രെയിനും വെള്ളം റോഡില്‍ കിടക്കാതെ ഡ്രെയിനിലേക്കു പോകാന്‍ 1452 കളക്ഷന്‍ ചേമ്പറുകളും നിര്‍മ്മിച്ചിട്ടുണ്ട്.
പ്രാവച്ചമ്പലത്തും പള്ളിച്ചലിലും വെടിവച്ചാന്കോവിലിലും മുടവൂര്പ്പാറയിലും കെല്‍ട്രോണിന്റെ സഹായത്തോടെ സിഗ്നലുകള്‍ സ്ഥാപിച്ചു. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പതിനൊന്നിടത്ത് സീബ്രാ കോസിങ്ങും രാത്രിയപകടങ്ങള് കുറയ്ക്കാന്‍ മീഡിയന്റെ വശങ്ങളില് 1987 മീഡിയന് മാര്‍ക്കറുകളും ഡ്രൈവര്‍മാര്‍ക്ക് മീഡിയന് നന്നായി കാണാന്‍ 740 ഡിലിനിയേറ്റര്‍ പോസ്റ്റുകളും നല്‍കിയിട്ടുണ്ട്.റോഡിന്റെ വശങ്ങള് പരമാവധി ബലപ്പെടുത്തിയതിനു പുറമെ ലെയിന്‍ ട്രാഫിക് സുഗമമാക്കാന്‍ തെര്മ്മോപ്ലാസ്റ്റിക് ലൈന്‍ വരച്ച്, രാത്രിയില്‍ തിരിച്ചറിയുന്നതിനായി പ്രതിഫലിക്കുന്ന 7000 റോഡ് സ്റ്റഡും ഒരുക്കി.കിഫ്ബി ധനസഹായത്തോടെ സംസ്ഥാന പൊതുമരാമത്തുവകുപ്പാണു റോഡ് നിര്‍മ്മിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു നിര്‍മ്മാണച്ചുമതല.
