ന്യൂഡല്‍ഹി: വിദേശത്ത് കഴിയുന്ന പ്രവാസി വോട്ടര്‍മാരുടെ പോസ്റ്റല്‍ വോട്ടുകള്‍ നയതന്ത്ര ബാഗേജ് വഴി എത്തിച്ച് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്നത് പരിഗണനയില്‍. തെരഞ്ഞെടുപ്പ് കമീഷനും വിദേശ കാര്യ വകുപ്പും ഇതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. നിയമ ഭേദഗതിയടക്കമുള്ള കാര്യങ്ങള്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണ്.
പ്രവാസി വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ തെരഞ്ഞെടുപ്പ് കമീഷന്റെ ‘ഇലക്ട്രോണികലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം’ വഴി എത്തിച്ച് കൊടുക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. എംബസി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിച്ച് നയതന്ത്ര ബാഗേജ് വഴി ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ ആലോചനയില്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഇത് പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നത്.
ഇതുവരെ 1.06 ലക്ഷം പ്രവാസി വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പ് കമീഷനില്‍ രജിസ്റ്റ്ര് ചെയ്തിട്ടുള്ളത്. അതില്‍ തന്നെ 87,000 വോട്ടര്‍മാരും കേരളത്തില്‍ നിന്നുള്ളവരാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ പ്രിന്റ് റിപോര്‍ട്ട് ചെയ്യുന്നു. വോട്ടര്‍മാരുടെ എണ്ണം പരിമിതമായതിനാല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നയതന്ത്ര ബാഗേജ് വഴി തിരിച്ചെത്തിക്കുന്നത് പ്രയാസമുള്ള കാര്യമാകില്ല.
അതേസമയം, ഒരു കോടിയോളം ഇന്ത്യക്കാര്‍ പ്രവാസികളായുണ്ടെന്നാണ് സാമാന്യമായ കണക്ക്. അതില്‍ തന്നെ 60 ലക്ഷത്തോളം ആളുകള്‍ വോട്ടവകാശത്തിന് അര്‍ഹരാണെന്നാണ് കരുതുന്നത്. അത്രയും വോട്ടര്‍മാര്‍ പോസ്റ്റല്‍ വോട്ട് സംവിധാനം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ബാലറ്റുകള്‍ തിരിച്ചെത്തിക്കുന്നതിനുള്ള സംവിധാനമാണ് ആസൂത്രണം ചെയ്യേണ്ടത്.
പോസ്റ്റല്‍ ബാലറ്റുകള്‍ ഇന്ത്യയില്‍ എത്തിച്ച ശേഷം സമയബന്ധിതമായി അതാത് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്നതിനുള്ള സംവിധാനവും ഉണ്ടാക്കേണ്ടതുണ്ട്. ബാലറ്റുകള്‍ ശേഖരിക്കുന്നതിനും അറ്റസ്റ്റ് ചെയ്ത് തിരിച്ചയക്കുന്നതിനും എംബസികളില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ വിദേശ കാര്യ വകുപ്പിനോട് നിയമവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് നിയമവകുപ്പ് ആഭ്യന്തര വകുപ്പിന്റെറയും ധനവകുപ്പിന്റെയും അഭിപ്രായമാരാഞ്ഞിട്ടുണ്ട്. ആഭ്യന്തര വകുപ്പും ധനവകുപ്പും നല്കുന്ന മറുപടികളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സംബന്ധിച്ച് തെരഞ്ഞടുപ്പ് കമീഷന്റെ ആവശ്യത്തോട് നിയമ വകുപ്പ് പ്രതികരിക്കുക.
