പാലക്കാട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദ്രുതകര്‍മ്മ സേന രൂപീകരിച്ചു.
ജില്ലാ മൃഗാശുപത്രിയിലെ സീനിയര്‍ വെറ്റിനറി സര്ജന് ഡോ.നാഗസിന്ധു, എപിഡമോളജിസ്റ്റ് ഡോ.ജോജു ഡേവിഡ്, പാലക്കാട് ഡിസ്ട്രിക്ട് ലാബ് ഓഫീസര്‍ ഡോ.വി.ദിവ്യ, ഫീല്‍ഡ് ഓഫീസര്‍ സുരേഷ്, ലൈവ് സ്റ്റോക്ക് ഓഫീസര്‍ വി.ജി.ജയന്തി, ആര്.മോഹന്‍ദാസ് എന്നിവരാണ് അംഗങ്ങള്‍.
ജില്ലയിലെ ഏതെങ്കിലും പ്രദേശത്ത് കൂട്ടത്തോടെ കോഴികളും താറാവുകളും ചാകുന്നുണ്ടോ എന്നതടക്കം പരിശോധിക്കും. ജില്ലാ മൃഗാശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. പക്ഷിപ്പനിയെന്ന് സംശയമുണ്ടായാല്‍ 9447303310 എന്ന നമ്പറില്‍ വിളിച്ചറിയിക്കാമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എപിഡമോളജിസ്റ്റ് ഡോ.ജോജു ഡേവിഡ് പറഞ്ഞു.
ൃതമിഴ്നാട്ടില് നിന്ന് പാലക്കാട്ടേക്കെത്തുന്ന താറാവുകൂട്ടങ്ങളെ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. നിലവിലെത്തിയ സംഘങ്ങളോട് ഇപ്പോഴുള്ള സ്ഥലത്തുതന്നെ തുടരാന്‍ നിര്‍ദ്ദേശം നല്കി. അതത് പ്രദേശത്തെ മൃഗഡോക്ടര്‍മാര്‍ താറാവുകളെ പരിശോധിച്ച് പനിയില്ലെന്ന് ഉറപ്പാക്കിയ ശേഷമേ മറ്റൊരിടത്തേക്ക് കടക്കാന്‍ അനുവദിക്കൂ. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
