നാട്ടരങ്ങ്’ ജില്ലാതല ഉദ്ഘാടനം
മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു

Latest News Uncategorized

കോഴിക്കോട്: കോവിഡ് പ്രതിസന്ധിയില്‍ ഏകാന്തതയും മാനസിക സംഘര്‍ഷങ്ങളുമനുഭവിക്കുന്ന ആദിവാസി, മലയോര മേഖലയിലെയും തീരദേശങ്ങളിലെയും കുട്ടികള്‍ക്കായി പഞ്ചദിന ക്യാമ്പുകളൊരുക്കി കോഴിക്കോട് സമഗ്ര ശിക്ഷ. നാട്ടരങ്ങുകള്‍ ക്യാമ്പിന്‍റെ ജില്ലാതല ഉദ്ഘാടനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കുട്ടികളിലെ സ്വതസിദ്ധമായ വാസനകള്‍ മനസ്സിലാക്കി അവരുടെ വ്യത്യസ്തമായ കഴിവുകള്‍ പഠനത്തോടൊപ്പം വികസിപ്പിച്ചെടുക്കുന്നതിന് നാട്ടരങ്ങ് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
കക്കയം, അടുക്കന്‍മല, ചെമ്പുകടവ്, മുത്തപ്പന്‍പുഴ, പൊക്കുന്നുമല, പാത്തിപ്പാറ, പശുക്കടവ്, വരകുന്ന്, ചാലിയം, പയ്യാനക്കല്‍, ചോമ്പാല തുടങ്ങി ജില്ലയിലെ 21 കോളനി പ്രദേശങ്ങളിലായി അതിജീവനകാലത്തെ ആഹ്ലാദക്കൂട്ടങ്ങള്‍ എന്ന പേരിലാണ് നാട്ടരങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
കോവിഡ് കാലത്ത് പഠനം ഓണ്‍ലൈന്‍ കേന്ദ്രിതമായപ്പോള്‍ ടി.വി, ടാബ്ലറ്റ്, കേബിള്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ സൗകര്യങ്ങളില്ലാതിരുന്ന കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിയ പദ്ധതിയുടെ തുടര്‍ച്ചയായാണ് ക്യാമ്പുകള്‍.
സാമൂഹ്യപരമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായാണ് സമഗ്ര ശിക്ഷ പഞ്ചദിന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പ്രകൃതി നടത്തം, പ്രതിഭകളുമായുള്ള മുഖാമുഖങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഷോട്ട് ഫിലിം നിര്‍മ്മാണം തുടങ്ങി ഓരോ മേഖലയിലും കുട്ടികളില്‍ കൗതുകവും ജീവിതനൈപുണി വികാസവും ഉറപ്പാക്കുന്നതാണ്.
ജില്ലയിലെ 15 ബി.ആര്‍.സി പരിധികളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതതു പ്രദേശത്തെ ജനപ്രതിനിധികള്‍, പ്രാദേശിക വിദഗ്ധര്‍, കലാകാരന്മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നി വരെയെല്ലാം കണ്ണിചേര്‍ത്താണ് നാട്ടരങ്ങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. വിവിധ ബി.ആര്‍.സികളിലായി നടക്കുന്ന പഞ്ചദിന ക്യാമ്പുകള്‍ ഫെബ്രുവരി 10നകം പൂര്‍ത്തീകരിക്കും,
ബാലുശ്ശേരി ബ്ലോക്കിലെ കക്കയം ഗവ. എല്‍.പി. സ്കൂളില്‍ നടന്ന ചടങ്ങില്‍ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ സി.പി.ഒ വസീഫ് .വി മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡണ്ട് റസീന യൂസഫ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഒ.കെ അമ്മദ്, സിമിലി ബിജു, ഡാര്‍ലി എബ്രഹാം, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.അശോകന്‍, പ്രധാനാധ്യാപകന്‍ അബ്ദുല്‍റഹ്മാന്‍ പി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *