തെരഞ്ഞെടുപ്പ് ഒരുക്കം; കേന്ദ്രസംഘം
12 മുതല്‍ കേരളത്തില്‍

India Kerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ മുന്നൊരുക്കം വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷന്‍ പ്രതിനിധികള്‍ 12ന് സംസ്ഥാനത്തെത്തും. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് 12 മുതല്‍ 15 വരെ കേരളത്തിലുണ്ടാവുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. 12ന് രാത്രി തിരുവനന്തപുരത്തെത്തുന്ന സംഘം 13നു രാവിലെ 10ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായും പോലീസ് നോഡല്‍ ഓഫീസറുമായും കൂടിക്കാഴ്ച നടത്തും. 11ന് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചര്‍ച്ച നടത്തും. 3.30ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും എസ്പിമാരുമായും ചര്‍ച്ച നടത്തും. വൈകുന്നേരം 6.30ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യനിര്‍വഹണ ഏജന്‍സികളുമായി ആശയവിനിമയം നടത്തും.
14നു രാവിലെ 10നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചര്‍ച്ച. 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. വൈകുന്നേരം അഞ്ചിനു വാര്‍ത്താസമ്മേളനം .
15ന് രാവിലെ കേന്ദ്രസംഘം ഡല്‍ഹിക്കു മടങ്ങും.കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജെയിന്‍, ചന്ദ്രഭൂഷണ്‍ കുമാര്‍, എഡിജി ഷേയ്ഭാലി ബി. ശരണ്‍, ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ, സെക്രട്ടറി എ.കെ. പാഠക് എന്നിവരും സംഘത്തിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *