ജില്ലാ ആശുപത്രിയില്‍ 5 കോടിയുടെ
സി.ടി സ്കാന്‍ മെഷീന്‍

Gadget

കൊല്ലം: ജില്ലാ ആശുപത്രിയില്‍ ആധുനിക സി.ടി സ്കാന്‍ മെഷീന്‍ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. പ്രസിഡന്‍റ് സാം.കെ. ഡാനിയലിന്‍റെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ആദ്യ യോഗത്തിലാണ് തീരുമാനം. നിലവില്‍ ഉപയോഗിക്കുന്ന 4 സ്ലൈസ് സി.ടി സ്കാന്‍ മെഷീനിന്‍റെ കാലപ്പഴക്കം പരിഗണിച്ചാണ് പുതിയ മെഷീന്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. 5 കോടി രൂപ ഇതിലേയ്ക്ക് വകയിരുത്തും. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖേന 128 സ്ലൈസ് ആധുനിക സി.ടി സ്കാന്‍ മെഷീനാണ് വാങ്ങുന്നത്.
ജനറല്‍, പട്ടികജാതി മേഖലകളില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് 2.5 കോടി രൂപ വകയിരുത്തും. സാഫല്യം ഭവനനിര്‍മ്മാണ പദ്ധതി കുരിയോട്ടുമല പട്ടികവര്‍ഗ കോളനിയില്‍ ഫെബ്രുവരിയില്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. അഞ്ച് കുടുംബങ്ങള്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പെരിനാട് സ്കൂളില്‍ ആരംഭിച്ച ബോക്സിംഗ് അക്കാഡമി ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
അംഗങ്ങളായ എന്‍.എസ്. പ്രസന്നകുമാര്‍, ജയശ്രീ വാസുദേവന്‍ പിള്ള , ബ്രിജേഷ് എബ്രഹാം, എസ്. ഷൈന്‍കുമാര്‍, ഡോ. കെ. ഷാജി, എസ്. സെല്‍വി, ആര്‍. രശ്മി, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്‍റ് എസ്. സുമലാല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജെ. നജീബത്ത്, വസന്ത രമേശ്, ഡോ. പി.കെ. ഗോപന്‍, അഡ്വ. അനില്‍ എസ് കല്ലേലിഭാഗം, സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *