കോവിഡ് വാക്സിന്‍: നാല് സംസ്ഥാനങ്ങളില്‍
ഇന്നും നാളെയും ഡ്രൈ റണ്‍

India Kerala

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് മുന്നോടിയായി, വാക്സിന്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍, വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി നാല് സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും ഡ്രൈ റണ്‍ നടത്തും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. വാക്സിനേഷനായി പുറത്തിറക്കിയ മാര്‍ഗരേഖ ഫലപ്രദമാണോ എന്ന് കണ്ടെത്താന്‍ ഡ്രൈ റണ്‍ പ്രക്രിയ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കും. വാക്സിന്‍ ഡെലിവറി, പരിശോധിക്കുന്നവരുടെ വിവരങ്ങള്‍, ടീം അംഗങ്ങളെ വിന്യസിക്കല്‍, ടെസ്റ്റ് ഗുണഭോക്താക്കളുമായുള്ള വാക്സിന്‍ സ്വീകരണ കേന്ദ്രങ്ങളിലെ മോക്ക് ഡ്രില്‍, റിപ്പോര്‍ട്ടിംഗ്, സായാഹ്ന മീറ്റിംഗ് തുടങ്ങിയ കാര്യങ്ങളുടെ വിവരള്‍ ഉള്‍പ്പെടുത്തുന്ന കോവിന്‍ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്‍റെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് 19 വാക്സിനുള്ള ശീതീകരണ സംവിധാനം, അവ എത്തിക്കുന്നതിനായുള്ള ഗതാഗത ക്രമീകരണം, വാക്സിന്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ശരിയായ ശാരീരിക അകലം പാലിച്ചുകൊണ്ട് കാണികളെ നിയന്ത്രിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു. കുത്തിവെപ്പിനെ തുടര്‍ന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ ഡ്രൈ റണ്‍ നടത്തുമ്പോള്‍ നിരീക്ഷിക്കപ്പെടും. ഡ്രൈ റണ്ണിലെ അന്തിമ വിലയിരുത്തല്‍ സംസ്ഥാനങ്ങളുമായും കേന്ദ്രസര്‍ക്കാരുമായി പങ്ക് വെക്കും. ഓരോ സംസ്ഥാനവും രണ്ട് ജില്ലകളിലായി അഞ്ച് കേന്ദ്രങ്ങളിലായിരിക്കും ഡ്രൈ റണ്‍ നടത്തുക. ജില്ലാ ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ (സിഎച്ച്സി) അല്ലെങ്കില്‍ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രം (പിഎച്ച്സി), അര്‍ബന്‍ സൈറ്റ്, സ്വകാര്യ ആരോഗ്യ, ഗ്രാമീണ മേഖല എന്നിവിടങ്ങളിലായിരിക്കും നടക്കുക.അതേസമയം, അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി വാക്സിന്‍ കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ അവസാന ഘട്ട പരിഗണനയിലാണ്. ഓക്സ്ഫോര്‍ഡ് വാക്സിനായ കൊവി ഷീല്‍ഡ് മാത്രമാണ് നിര്‍ദേശിച്ച എല്ലാ പരീക്ഷണ രേഖകളും സമര്‍പ്പിച്ചിട്ടുള്ളത്. മൂന്നാംഘട്ട പരീക്ഷണം നടക്കുന്ന ഭാരത് ബയോടെകിന്‍റെ കൊവാക്സിന്‍ ഇനിയും രേഖകള്‍ സമര്‍പ്പിക്കണം. അനുമതി തേടിയ ഫൈസറും പരീക്ഷണ വിവരങ്ങള്‍ വിദഗ്ധസമിതിക്ക് സമര്‍പ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *