കോവിഡ് വാക്സിന്‍: ഇന്ത്യ സൗദിക്ക്
നല്‍കുന്നത് 30 ലക്ഷം ഡോസ്

Gulf

ദമ്മാം: കോവിഡ് പ്രതിരോധ വാക്സിനുകളുടെ 30 ലക്ഷം ഡോസാണ് ഇന്ത്യ സൗദി അറേബ്യക്ക് നല്‍കാനൊരുങ്ങുന്നത്. ആഗോള വിപണിയിലേക്ക് ആവശ്യമായ വാക് സിനുകളുടെ 60 ശതമാനവും നിര്‍മിക്കുന്ന ഇന്ത്യ സൗദി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കാണ് വാക്സിന്‍ കയറ്റുമതിക്ക് ധാരണയായിരിക്കുന്നത്. ഇത് അന്താരാഷ്ട്ര തലത്തില്‍ ഔഷധനിര്‍മാണ രംഗത്തെ ഇന്ത്യയുടെ പെരുമയെ എടുത്തുകാണിക്കുന്നതായി. മൂന്നു ദശലക്ഷം വാക്സിനുകള്‍ ഒരാഴ്ച്ചക്കുള്ളില്‍ സൗദിയിലെത്തും.
സൗദി അറേബ്യയെ കൂടാതെ ബ്രസീല്‍, സൗത്ത് ആഫ്രിക്ക, മൊറോക്കോ, മ്യാന്മര്‍, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇന്ത്യ വാക്സിന്‍ വിതരണം ചെയ്യും. ആഗോള മരുന്നു നിര്‍മാണ കമ്ബനിയായ, പുണെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ‘കോവിഷീല്‍ഡ്’ വാക്സിനും ഭാരത് ബയോടെക്കിന്‍െറ ‘കോവാക്സിനു’മാണ് ഇന്ത്യയില്‍ മുഖ്യമായും നിര്‍മിക്കുന്നത്.
ജനുവരി 17 മുതല്‍ ഇന്ത്യയില്‍ ആരംഭിച്ച കുത്തിവെപ്പിന് ഉപയോഗിക്കുന്നത് ഇത് രണ്ടും മാത്രമാണ്. ഈ വാക്സിനുകള്‍ ജനുവരി 20 മുതല്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കാനും തുടങ്ങി. ആഭ്യന്തര തലത്തില്‍ ലഭ്യത ഉറപ്പുവരുത്തിയതിന് ശേഷമാണ് വിദേശ രാജ്യങ്ങളിലേക്കുള്ള വിതരണം ഘട്ടംഘട്ടമായി നടപ്പാക്കുന്നത്.ഒരാഴ്ചക്കിടെ 15 ലക്ഷത്തിലധികം പേരാണ് ഇന്ത്യയില്‍ വാക്സിന്‍ സ്വീകരിച്ചത്. ഈ വര്‍ഷം ആഗസ്റ്റോടെ 30 കോടി ഇന്ത്യക്കാര്‍ക്ക് കുത്തിവെപ്പെന്ന ലക്ഷ്യത്തോടെയുള്ള കാമ്ബയിനാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്.കോവിഡ് പ്രതിരോധത്തിന്‍െറ പശ്ചാത്തലത്തില്‍, ശാസ്ത്ര, അക്കാദമിക, ഔഷധ ഗവേഷണ നിര്‍മാണ രംഗങ്ങളിലെ 30ഓളം വകുപ്പുകളുടെ കീഴില്‍ ആറുതരത്തിലുള്ള വാക്സിന്‍ ഗവേഷണപഠനങ്ങളാണ് ഇന്ത്യയില്‍ പുരോഗമിക്കുന്നത്. ഇതില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന മൂന്നെണ്ണമുള്‍പ്പെടെ മുഴുവന്‍ വാക്സിനുകളും ഫാര്‍മസി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പരിശോധന പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിതരണം ചെയ്യുക.ആഗോള ഫാര്‍മ ഭീമനായ അസ്ട്രാസെനകയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ച ‘കോവിഷീല്‍ഡ്’ എന്ന വാക്സിന്‍ ഇന്ത്യന്‍ കമ്പനി സിറമാണ് നിര്‍മിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്ന് സംയുക്തമായി തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് ‘കോവാക്സിന്‍’ .അമേരിക്കന്‍ കമ്പനി ഫൈസര്‍ വികസിപ്പിച്ച വാക്സിന്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ‘കൊവിഷീല്‍ഡ്’ 28 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്നത് മേന്‍മയാണ്. അക്കാരണത്താല്‍തന്നെ ഈ വാക്സിനാണ് കയറ്റുമതിക്ക് കൂടുതല്‍ സൗകര്യപ്രദം. ലോകാരോഗ്യ സംഘടനയുടെ മതിയായ യോഗ്യത നേടിയ ഏറ്റവും കൂടുതല്‍ മരുന്ന് നിര്‍മാതാക്കള്‍ ഉള്ളത് ഇന്ത്യയിലാണ്. കോവിഡ് മഹാമാരിയുടെ ഭീഷണിക്കിടെ, പ്രതിരോധ മരുന്ന് നിര്‍മാണ, വിതരണ രംഗങ്ങളിലെ മികച്ച പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍, ‘ലോകത്തിന്‍െറ ഔഷധശാല’ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയെ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *