കോരപ്പുഴ പുതിയ പാലം നിര്‍മാണപ്രവൃത്തി
ഫെബ്രുവരിയോടെ പൂര്‍ത്തിയാകും

Kerala

കോഴിക്കോട്: കോരപ്പുഴയിലെ പുതിയ പാലത്തിന്‍റെ നിര്‍മാണ പ്രവൃത്തി ഫെബ്രുവരിയോടെ പൂര്‍ത്തിയാകും. പാലത്തിന്‍റെ ആറാമത്തെ സ്പാനിന്‍റെ പ്രവൃത്തിയാണ് നിലവില്‍ നടന്നുവരുന്നത്. ആര്‍ച്ചുകളുടെ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. പുതുവത്സര സമ്മാനമായി ഡിസംബര്‍ അവസാനത്തോടെ തുറന്നുകൊടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. 32 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമുള്ള ഏഴ് സ്പാനുകളാണ് പാലത്തിലുള്ളത്. എണ്‍ പതോളം തൊഴിലാളികള്‍ രണ്ട് ഷിഫ്റ്റുകളായി ക്രമീകരിച്ച് രാവും പകലുമാണ് നിര്‍മാണം നടക്കുന്നത്. ഇരുകരകളിലും പുഴകളിലുമായി നിര്‍മിച്ച എട്ട് തൂണുകളിലായാണ് പാലം പണിയുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണാനുമതി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 24.32 കോടിയാണ് പാലത്തിന്‍റെ നിര്‍മാണത്തിനായി അനുവദിച്ചത്. 5.5 മീറ്റര്‍ വീതിയുള്ള പഴയപാലം പൊളിച്ചാണ് പുതിയപാലത്തിന്‍റെ നിര്‍മാണം. ഒരു സമയം ഒരു ഒരു വാഹനം മാത്രം കടന്നു പോകുന്ന അവസ്ഥയുള്ളതിനാല്‍ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് ഇവിടെ പതിവായിരുന്നു. ഇതിന് മാറ്റമുണ്ടാക്കുന്ന രീതിയിലാണ് വീതികൂട്ടി പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.വാഹനങ്ങള്‍ക്ക് പോവാനായി ഏഴ് മീറ്റര്‍ ക്യാരേജ് വേയും ഒന്നര മീറ്റര്‍ വീതിയില്‍ പാലത്തിന് രണ്ടു ഭാഗങ്ങളിലായി ഫുട്പാത്തും പണിയുന്നുണ്ട്. അതേസമയം, പാലത്തിനോട് ചേര്‍ന്നുള്ള സര്‍വീസ് റോഡുകളുടെ നിര്‍മാണം അനിശ്ചിതമായി നീളുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കെഎസ്ഇബി വൈദ്യുതലൈന്‍ മാറ്റാത്തതിനാലാണ് സര്‍വീസ് റോഡുകളുടെ പ്രവൃത്തി തുടങ്ങാനാവാത്തത്.

Leave a Reply

Your email address will not be published. Required fields are marked *