ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് വാക്സിന് കുത്തിവയ്പ് കുറയുന്നതിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ വാക്സിനേഷന് 25 ശതമാനത്തില്‍ താഴെയാണെന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വാക്സിനേഷന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ നടത്താനും കേന്ദ്രം നിര്‍ദേശം നല്കി.
സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിനേഷന് നടപടികള്‍ വിലയിരുത്തിയ ശേഷമാണ് കേരളത്തില്‍ കുത്തിവയ്പ് കുറവാണെന്നു കേന്ദ്രം ചൂണ്ടിക്കാട്ടിയത്. കേരളത്തിനൊപ്പം തമിഴ്നാട്, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വാക്സിനേഷനും വേഗത്തില്‍ നടക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളത്തിലും തമിഴ്നാട്ടിലും 25 ശതമാനത്തില്‍ താഴെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വാക്സിനിലുള്ള സംശയം മൂലമാണ് കുത്തിവയ്പ് കുറയുന്നതെന്നു കേരളവും വിശദമാക്കിയിട്ടുണ്ട്.
കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 70 ശതമാനത്തോളം മികവുണ്ടെന്നും കേന്ദ്രം പറയുന്നു. ദിവസം മൂന്നു ലക്ഷം പേര്‍ക്കു വാക്സിന് നല്‍കുമെന്നായിരുന്നു കേന്ദ്രം അവകാശപ്പെട്ടിരുന്നത്. എന്നാല്‍, വാക്സിനേഷന് തുടങ്ങിയ ശനിയാഴ്ച ഉണ്ടായതിനേക്കാള്‍ മിക്ക സംസ്ഥാനങ്ങളിലും വാക്സിന് നല്‍കുന്നതിന്റെ എണ്ണം കുറയുകയായിരുന്നു. ഡല്‍ഹി എയിംസിലും 50 പേരില്‍ താഴെയായി കുറഞ്ഞു. വിഷയം ഗൗരവമായി പരിശോധിക്കണമെന്നു എയിംസ് അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.
