ന്യൂഡല്‍ഹി: കര്‍ഷകസമരം കോവിഡ് വ്യാപനമുണ്ടാക്കുമോയെന്ന് ആശങ്ക ഉയര്‍ത്തി സുപ്രീം കോടതി. സമരത്തില്‍ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ആരാഞ്ഞ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും മുന്‍കരുതല്‍ നടപടികളെടുത്തിട്ടുണ്ടോയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു ചോദിച്ചു.
കോവിഡ് വ്യാപനത്തിന്റെ ആരംഭകാലത്ത് ഡല്‍ഹിയിലെ നിസാമുദീനില്‍ തബ്ലീഗ് ജമാഅത്ത് സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് കര്‍ഷകസമരത്തിലെ കോവിഡ് പ്രശ്നങ്ങളും കൂട്ടിച്ചേര്‍ത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ നിലവിലുള്ള രീതിയില്‍ സമരം തുടര്‍ന്നാല്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനം മൂലമുണ്ടായ വ്യാപനം കര്ഷകസമരത്തിലുമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലായിടത്തും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ഷക സമരത്തില്‍ പാലിക്കുന്നില്ലെന്നു തുഷാര്‍ മേത്ത മറുപടി നല്കി.
