മെല്‍ബണ്‍ : ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 131 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്നാം ദിനത്തില്‍ അഞ്ചു വിക്കറ്റിനായിരുന്നു 277 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ചതെങ്കിലും ഇന്ത്യ 326 റണ്‍സിന് ഓള് ഔട്ടായി.
രണ്ടാം ദിനത്തിലെ സ്കോറിനേക്കാള്‍ 49 റണ്‍സ് മാത്രമേ ഇന്ത്യയ്ക്ക് കൂട്ടിച്ചേര്ക്കാനായിരുന്നുള്ളൂ. സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ റണ്ണൗട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ നാലില്‍ നില്‍ക്കെ ഓപ്പണര്‍ ജോ ബേണ്‍സിനെ (4) ഉമേഷ് യാദവ് മടക്കിയതിനു പിന്നാലെ മാര്‍നസ് ലബുഷെയ്ന്റെ (28) വിലപ്പെട്ട വിക്കറ്റ് അശ്വിന് വീഴ്ത്തി. സ്റ്റീവ് സ്മിത്തിനെ (8) പുറത്താക്കി ബുംറയും ഓസീസിനെ ഞെട്ടിച്ചു കളഞ്ഞു. നിലയുറപ്പിച്ച മാത്യു വെയ്ഡിനെ (40) രവീന്ദ്ര ജഡേജയും പുറത്താക്കി.ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസ്ട്രേലിയ 6ന് 121 എന്ന നിലയിലാണ്.
നേരത്തെ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 223 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികള്‍ സഹിതം 112 റണ്‍സെടുത്തിരുന്നു. 159 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ സഹിതം 57 റണ്‍സെടുത്ത രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ ഉറച്ച പിന്തുണയും നല്കി. ഇരുവരും ആറാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.ആര്. അശ്വിന് (14), ഉമേഷ് യാദവ് (9), ബുംറ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
