ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ടു വാക്സിനുകളും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതാണെന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിര്‍ഭര്‍ ഇന്ത്യയെന്ന സ്വപ്നം നിറവേറ്റാനുള്ള ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന്റെ അഭിനിവേശമാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ്19നെതിരായ ശക്തമായ പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവാണിത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവയുടെ വാക്സിനുകള്‍ക്ക് ഡിസിജിഐ അനുമതി നല്‍കിയത് ആരോഗ്യകരവും കോവിഡ് രഹിതവുമായ രാജ്യത്തിന്റെ യാത്ര വേഗത്തിലാക്കാന്‍ സഹായിക്കും. കഠിനാധ്വാനികളായ ശാസ്ത്രജ്ഞരെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
