അഭയ കൊലക്കേസ്: ഫാദര്‍ കോട്ടൂരിന്
ഇരട്ട ജീവപര്യന്തം, സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം

Kerala

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവ്. ഇതിനുപുറമേ അഞ്ചുലക്ഷം രൂപ പിഴയുമൊടുക്കണം. വധിക്കുക എന്ന ലക്ഷ്യത്തോടെ അതിക്രമിച്ചു കടന്നതിന് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഒരുലക്ഷം രൂപ അധിക പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുപത്തിയെട്ടു വര്‍ഷം നീണ്ട അന്വേഷണ പരീക്ഷണങ്ങളും അട്ടിമറി നാടകങ്ങളും കടന്ന് ഇന്നലെയാണ് ഇരുവരെയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നത് കേള്‍ക്കാന്‍ പ്രതികളെ കോടതിയില്‍ എത്തിച്ചിരുന്നു. പ്രതികളെ ആശ്വസിപ്പിക്കാന്‍ ഇന്നലെ കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുളളവര്‍ എത്തിയിരുന്നെങ്കിലും ഇന്ന് അവരാരും എത്തിയിരുന്നില്ല. നിയമവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ വിധികേള്‍ക്കാന്‍ എത്തിയവരെക്കൊണ്ട് കോടതിമുറി തിങ്ങിനിറഞ്ഞിരുന്നു. കണ്ണടച്ചുനിന്നാണ് സെഫി വാദങ്ങളും ശിക്ഷാവിധിയും കേട്ടത്.ഒരു ഭാവവ്യത്യാസവുമില്ലാതെ നിന്നാണ് ഫാ. തോമസ് കോട്ടൂര്‍ വിധി കേട്ടത്.അപൂര്‍വങ്ങളില്‍ അപൂര്‍വകേസായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഫാ. തോമസ് കോട്ടൂര്‍ അര്‍ബുദരോഗിയാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. പ്രായമായ മാതാപിതാക്കളുണ്ടെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് താനാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്നുമായിരുന്നു സെഫി ആവശ്യപ്പെട്ടത്.
സഭയുടെ തിരുവസ്ത്രമണിഞ്ഞവര്‍ തന്നെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റില്‍ കൈക്കോടാലി കൊണ്ട് തലയ്ക്കടിച്ച്, കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ അഭയയ്ക്കും മകളുടെ ദുരൂഹമരണത്തിന്‍റെ സത്യം പുറത്തുകൊണ്ടുവരാനുള്ള പോരാട്ടത്തിനിടെ മരണമടഞ്ഞ പിതാവ് ഐക്കരക്കുന്നേല്‍ തോമസിനും മാതാവ് ലീലാമ്മയ്ക്കും മൂന്നു പതിറ്റാണ്ടോളം വൈകിക്കിട്ടുന്ന നീതി, കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വാദ്ധ്യായം കൂടിയാണ്.രണ്ടു പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം, തെളിവു നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞതായി സി.ബി.ഐ ജഡ്ജി കെ.സനില്‍കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തോമസ് കോട്ടൂരിനെതിരെ കന്യാസ്ത്രീ മഠത്തില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റവുമുണ്ട്. തെളിവുകളുടെ അഭാവത്തില്‍ രണ്ടാം പ്രതി ഫാ തോമസ് പൂതൃക്കയിലിനെ നേരത്തേ വിട്ടയച്ചിരുന്നു. ഇതിനെതിരെ സി ബി ഐ അപ്പീല്‍ നല്‍കും.കോട്ടയം ബി സി എം കോളേജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെ 1992 മാര്‍ച്ച് 27 നാണ് പയസ് ടെന്‍ത്ത് കോണ്‍വെന്‍റിലെ കിണറ്റില്‍ സിസ!്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി ബി ഐയാണ്.
ഫാ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രത്യേകസാഹചര്യത്തില്‍ അഭയ കണ്ടതിനെ തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *