അജിങ്ക്യ യഥാര്‍ത്ഥ നായകന്‍

Sports

നാലുമത്സരപരമ്പരയിലെ ആദ്യ കളിയില്‍മാത്രമേ താനുണ്ടാകൂ എന്ന് വിരാട് കൊഹ്ലി അറിയിച്ചതുമുതല്‍ ആസ്ട്രേലിയയിലെയും ഇന്ത്യയിലെയും മുന്‍ താരങ്ങളും അഭിപ്രായവിശാരദരുമൊക്കെ ഇന്ത്യയ്ക്ക് എന്തുസംഭവിക്കുമെന്നതിനെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു. അതിന് പിന്നാലെയാണ് അഡ്ലെയ്ഡില്‍ ആദ്യ ഇന്നിംഗ്സില്‍ ലീഡുനേടിയിട്ടുപോലും മൂന്നാം ദിവസം രാവിലെ രണ്ടാം ഇന്നിംഗ്സില്‍ 36 റണ്‍സില്‍ ആള്‍ഔട്ടായത്. ഇതോടെ ഇന്ത്യയുടെ കാര്യം പോക്കാണെന്ന് എഴുതിത്തള്ളിയവരാണ് നാണിച്ചിട്ടുണ്ടാവുക. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നിന്‍റെ തിരക്കഥയാണ് ഇന്ത്യ മെല്‍ബണില്‍ എഴുതിച്ചേര്‍ത്തത്.
ആദ്യ ഇന്നിംഗ്സില്‍ ആസ്ട്രേലിയയെ 195 റണ്‍സില്‍ ആള്‍ഔട്ടാക്കാന്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ഇന്ത്യയ്ക്ക് ആത്മവിശ്വാസം തിരികെ ലഭിച്ചിരുന്നു.നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍റെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിന്‍റെയും ഒരു വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെയും കൂട്ടായ പരിശ്രമമാണ് ഓസീസിനെ 200ല്‍ത്താഴെ ഒതുക്കിയത്. ഇതേ കൂട്ടായ്മ ബാറ്റിംഗിനിറങ്ങിയപ്പോഴും കണ്ടു. മായാങ്ക് അഗര്‍വാള്‍ ഒഴികെയുള്ള മുന്‍നിരക്കാര്‍ക്ക് 50 റണ്‍സിന്‍റെയെങ്കിലും പാര്‍ട്ണര്‍ഷിപ്പില്‍ പങ്കാളിയാകാന്‍ കഴിഞ്ഞു. നായകന്‍റെ ഉത്തരവാദിത്വം എന്തെന്ന് ബാറ്റുകൊണ്ട് കാട്ടിക്കൊടുത്ത രഹാനെ നേടിയ സെഞ്ച്വറി പ്രതിസന്ധി ഘട്ടങ്ങളില്‍ ടെസ്റ്റില്‍ നങ്കൂരമിട്ട് കളിക്കേണ്ടത് എങ്ങനെയെന്നതിന്‍റെ ഉത്തമമാതൃകയുമായിരുന്നു.ജഡേജ അര്‍ദ്ധസെഞ്ച്വറിയും 121 റണ്‍സ് കൂട്ടുകെട്ടും എടുത്തുപറയേണ്ടതുതന്നെ. ലോക റാങ്കിംഗില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മൂന്ന് കിടിലന്‍ പേസര്‍മാര്‍ അടങ്ങിയ ഓസീസ് പേസ് ബൗളിംഗിനെതിരെയാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത്.രണ്ടാം ഇന്നിംഗ്സിലുടനീളം ഓസീസിനെ സമ്മര്‍ദ്ദത്തില്‍ത്തന്നെ നിറുത്തി ബൗള്‍ ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനും പാര്‍ട്ട്ണര്‍ഷിപ്പുകള്‍ പൊളിക്കാനും സാധിച്ചു. ഒരു നൂലിഴപോലും പൊട്ടാതെയാണ് അജിങ്ക്യ ബൗളിംഗ് പ്ളാന്‍ നടപ്പിലാക്കിയത്. ഉമേഷ് യാദവിന്‍റെ പരിക്കുപോലും ടീമിനെ ബാധിച്ചില്ല. ഒറ്റയാള്‍ പോരാട്ടമായിരുന്നില്ല രണ്ടാം ഇന്നിംഗ്സിലെ ബൗളിംഗിലും. സിറാജ് മൂന്ന് വിക്കറ്റുകള്‍കൂടി വീഴ്ത്തി അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ചുവിക്കറ്റ് എന്ന സുന്ദരനേട്ടത്തിലേക്ക് കടന്നപ്പോള്‍ ബുംറയും അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി.ഉമേഷിനൊരു വിക്കറ്റ് ലഭിച്ചു. അവസാന ഇന്നിംഗ്സില്‍ മായാങ്കും പുജാരയും നിരാശപ്പെടുത്തിയെങ്കിലും ശുഭ്മാന്‍ ഗില്‍ തന്‍റെ കരിയറിലെ രണ്ടാം ടെസ്റ്റ് ഇന്നിംഗ്സിലും നന്നായി ബാറ്റുചെയ്ത് വിജയത്തിലേക്ക് എത്താന്‍ ക്യാപ്ടന് കൂട്ടുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *